Thursday, May 28, 2009

യാത്ര


ക്ലാസ്സുകള്‍ തുടങ്ങുന്നതിന് തലേന്ന് പെട്ടിയും കിടക്കയും എടുത്ത് ഞാന്‍ പടിയിറങ്ങി. കല്യാണം കഴിപ്പിച്ചയക്കുന്ന മകളെയെന്ന പോലെ, മാതാശ്രീ നിറകണ്ണുകളോടെ എന്നെ യാത്രയാക്കി... (സന്തോഷാശ്രു ആണെന്ന് ചില മൂരാച്ചികള്‍ പറയുമെങ്കിലും, ഞാന്‍ പോവുന്ന സങ്കടം കൊണ്ടാണെന്ന് എനിക്ക് യാതൊരു സംശയവും ഇല്ല) വീടും, കമ്പ്യുട്ടറും, ഇന്റെര്‍നെറ്റ് കണക്ഷനും, സര്‍വോപരി വായനോക്കാനും, എപ്പൊ വേണമെങ്കിലും പുറത്തിറങ്ങി പോവാനും കഴിയുന്ന തരത്തില്‍ സ്റ്റ്രാറ്റെജിക്ക് ലൊക്കേഷനില്‍ ഉള്ള എന്റെ മുറിയും, മുഴുവന്‍ തന്റെ അധീനതയില്‍ വരുന്നതിലുള്ള ഗൂഡസന്തോഷത്തിന്റെ ഒരു ചെറിയ ചിരി ഞാനെന്റെ അനിയന്റെ കണ്ണുകളില്‍ ദര്‍ശിച്ചു. ഇന്റെര്‍നെറ്റ് കണക്ഷന്‍ മറ്റാര്‍ക്കും അറിയാത്ത പാസ്സ് വേഡ് വെച്ചും, റൂമിന്റെ വാതില്‍ ഗോദ്റെജ് പൂട്ട് വെച്ചും ഞാന്‍ പൂട്ടിയ കാര്യം അറിഞ്ഞ് തെറി വിളിക്കുമ്പോള്‍ നിന്നേക്കാള്‍ അഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് അമ്മയുടെ ഗര്‍ഭപാത്രത്തില്‍ കിടന്ന സീനിയോറിട്ടിയുടെ കണ്‍സിഡറേഷനെങ്കിലും എനിക്ക് തരണമെന്ന് ഞാന്‍ അവന്റെ കണ്ണുകളിലേക്ക് നോക്കി മനസ്സില്‍ അപേക്ഷിച്ചു...

അപ്പ്ലിക്കേഷന്‍ വാങ്ങുക, ഗ്രൂപ്പ് ഡിസ്ക്കഷന്‍ ഇന്റര്‍വ്യു തുടങ്ങിയ കലാപരിപാടികളില്‍ പങ്കെടുക്കുക, ഫീസ് അടക്കുക, എന്നീ കര്‍തവ്യങ്ങള്‍ കൂട്ടുകാരുടെ ഒപ്പം വന്ന് കാഴ്ച്ച വെച്ച കുട്ടിസനാഥനാണെന്ന് തെളിയിക്കാനും, കാണിക്കാന്‍ പോവുന്ന തല്ലുകൊള്ളിത്തരങ്ങള്‍ക്ക് അച്ഛനെവിളിപ്പിക്കുമ്പോള്‍ വരേണ്ടുന്ന ശരിയായ ആള്‍ താനാണെന്ന്‍ അറിയിക്കുവാനുമായി പിതാശ്രീ എന്റെകൂടെ വരുന്നുണ്ടായിരുന്നു. ഡ്രസ്സ് നിറച്ച ബാഗ് രണ്ടെണ്ണവും എന്റെ കൈയ്യില്‍ എടുത്തപ്പോള്‍, വെറുതേ ഇരുന്ന സമയത്ത് ജിമ്മിലേക്ക് പോവാന്‍ പല പ്രാവശ്യം വിളിച്ചകെളവനെഞാന്‍ ഓര്‍ത്തു. കഴിഞ്ഞ പതിനേഴ് കൊല്ലങ്ങളായി സ്കൂളിലേക്കും, കോളെജിലേക്കും പോവാന്‍ തുറക്കുന്ന ഗേറ്റ് കടന്ന്പുറത്തേക്ക് നടക്കവേ ഓര്‍മകള്‍ അലയടിച്ചു... ആന്‍സര്‍ പേപ്പറുകളിലെ മാര്‍ക്കിന്റെ ഭാരവുംമനസ്സില്‍ പേറി പിടക്കുന്ന ഹ്രദയത്തോടെ എത്ര തവണ ഞാനീ പടികള്‍ കയറിയിരിക്കുന്നു.. രാവിലെതിരക്കിട്ട് ഇറങ്ങിയോടുമ്പോള്‍ ഭക്ഷണം കഴിക്കാതിരുന്നതിനുള്ള അമ്മയുടെ ചീത്ത കേള്‍ക്കാതിരുന്നദിവസങ്ങളുണ്ടോ... കോരിച്ചൊരിയുന്ന മഴ പെയ്യുന്നതും നോക്കി ഇരുന്ന സായന്തനങ്ങള്‍.... അനിയനുമായി തല്ലുകൂടിയതിന് രണ്ട് പേര്‍ക്കും അച്ഛന്റെ ചീത്ത കേട്ട സന്ദര്‍ഭങ്ങള്‍... മനസ്സില്‍ഓര്‍മ്മകള്‍ നിറയുന്നു... മിഴികളില്‍ നനവൂറുന്നുവോ...

എന്റെ പാദസ്പര്‍ശങ്ങളേറ്റ് പുളകിതരായിരുന്ന പാലക്കാടിലെ മണല്‍ത്തരികളേ... നിങ്ങള്‍ക്ക് സ്വസ്തി. എന്റെ ഗ്ലാമര്‍ കുറക്കാനായി ഇത്രയും കാലം അശ്രാന്തപരിശ്രമം നടത്തി പരാജയപ്പെട്ട പാലക്കാടന്‍ കാലവസ്ഥയേ... ബെറ്റര്‍ ലക്ക് നെക്സ്റ്റ് ടൈം. എന്റെ നല്ല മനസ്സിന്റെ എല്ലാ പ്രവ്രത്തികളും സഹിച്ച നാട്ടുകാരേ... എന്നെക്കുറിച്ചോര്‍ത്ത് രോമാഞ്ചം കൊള്ളൂ. മൂകമായ് എന്നെ പ്രണയിച്ച് വിരഹദുഃഖത്താലുഴറുന്ന പ്രിയതമകളേ... എനിക്കായ് കാത്തിരിക്കൂ. കണ്ണില്‍ പെടുമ്പോഴെല്ലാം എന്റെ എല്ലാ വിധത്തിലുമുള്ള ഇമ്മോറല്‍ സപ്പോര്‍ട്ടും ഞാന്‍ വാരിക്കോരി തന്നിരുന്ന തരുണീമണികളേ... എനിക്ക് വിട തരൂ. എന്റെ യാത്രക്കായ് നേര്‍ച്ച നേര്‍ന്നിരുന്ന അവരുടെയൊക്കെ തന്തമാരേ... വില്‍ ബി ബാക്ക്.