Tuesday, February 9, 2010

അഭ്യര്‍ത്ഥന

Kingston, 4GB, Black
മേല് പറഞ്ഞ സ്പെസിഫിക്കേഷനില് ഉള്ള ഒരു പെന് ഡ്രൈവ് (കമ്പ്യൂട്ടറില് കുത്തുന്ന സാധനം) ഇക്കഴിഞ്ഞ വെള്ളിയാഴ്ച്ച ക്ലാസ്സ് തുടങ്ങി മൂന്നാം യാമത്തിനും, നാലാം യാമത്തിനും ഇടയിലുള്ള കറുത്ത സമയത്ത് കാണാതായിരിക്കുന്നു. കാണാതാവുന്ന സമയത്ത് അതിനുള്ളില് 2 സിനിമയും കുറച്ച് ചിത്രങ്ങളും ഉണ്ടായിരുന്നു. ആ പെന് ഡ്രൈവ് കൈയ്യില് കിട്ടുന്ന വ്യക്തി ആണ്കുട്ടിയാണെങ്കില് ആ സിനിമകള് കോപ്പി ചെയ്തതിന് ശേഷം തന്നാല് മതിയാവും. പെണ്കുട്ടികള് അത് തുറന്ന് നോക്കുന്നത് സ്വന്തം ഉത്തരവാദിത്തത്തിലായിരിക്കും. വല്ലവരുടെയും മുമ്പില് വെച്ച് തുറന്ന് നോക്കിയതിന് ശേഷം സംമ്പവിക്കുന്ന നാണം, മാനനഷ്ടം എന്നിവക്ക് ഞാന് ഉത്തരവാദിയായിരിക്കുന്നതല്ല എന്ന് ഇതിനാല് അറിയിച്ചു കൊള്ളുന്നു.. മേല് പറഞ്ഞ സാധനം മനുവിന്റെ ആയതിനാലും, എനിക്ക് കേന്ദ്രസറ്ക്കാറില് (എന്റെ അച്ചന്) നിന്നും കിട്ടുന്ന ധനസഹായം വളരെ തുച്ഛമായതിനാലും, തിരിച്ചു കിട്ടാത്ത പക്ഷം എന്റെ സ്ഥാപനജംഗമവസ്തുക്കള് മനു പിടിച്ചെടുത്ത് ജപ്തി ചെയ്യും എന്ന് ഭീഷണിപ്പെടുത്തിരിക്കുന്നതിനാലും, ഈ പെന് ഡ്രൈവ് തിരിച്ചു ലഭിക്കുക എന്നത് എന്നെ സംബന്ധിച്ചിടത്തോളം നിലനില്പ്പിന്റെ പ്രശ്നം ആയിരിക്കുകയാണ്. അതുകൊണ്ട് തന്നെ, തിരിച്ച് കിട്ടുന്നവര് ദയവായി താഴെ പറയുന്ന വിലാസത്തില് അറിയിക്കുവാന് താല്പര്യപ്പെടുന്നു. തിരിച്ചു തരാന് മഹാമനസ്സ്ക്കത കാണിക്കുന്ന മഹാന്/മഹതിക്ക് തക്കതായ പ്രതിഫലം മനുവിന്റെ കൈയ്യില് നിന്നും വാങ്ങിച്ചു തരുന്നതായിരിക്കും. പെന് ഡ്രൈവ് കൈയ്യില് വച്ചിരിക്കുന്ന വ്യക്തി എത്രയും പെട്ടെന്ന് അത് തിരിച്ച് തന്ന് എന്നെയും എന്റെ മാനത്തെയും, ഞാന് നേരിടുന്ന ജപ്തി നടപടികളില് നിന്നും മോചിപ്പിക്കണം എന്ന് വിനീതമായി (വിനയം കൊണ്ട് തല നിലത്ത് മുട്ടുന്ന പരുവത്തില് നിന്ന്) അഭ്യര്ത്ഥിക്കുന്നു…
എന്ന്
വിധേയന്
സുരാജ്
ലാസ്റ്റ് ബെഞ്ച്
മിഡില് റോ
3rd സെം. എം.ബി.എ

Thursday, May 28, 2009

യാത്ര


ക്ലാസ്സുകള്‍ തുടങ്ങുന്നതിന് തലേന്ന് പെട്ടിയും കിടക്കയും എടുത്ത് ഞാന്‍ പടിയിറങ്ങി. കല്യാണം കഴിപ്പിച്ചയക്കുന്ന മകളെയെന്ന പോലെ, മാതാശ്രീ നിറകണ്ണുകളോടെ എന്നെ യാത്രയാക്കി... (സന്തോഷാശ്രു ആണെന്ന് ചില മൂരാച്ചികള്‍ പറയുമെങ്കിലും, ഞാന്‍ പോവുന്ന സങ്കടം കൊണ്ടാണെന്ന് എനിക്ക് യാതൊരു സംശയവും ഇല്ല) വീടും, കമ്പ്യുട്ടറും, ഇന്റെര്‍നെറ്റ് കണക്ഷനും, സര്‍വോപരി വായനോക്കാനും, എപ്പൊ വേണമെങ്കിലും പുറത്തിറങ്ങി പോവാനും കഴിയുന്ന തരത്തില്‍ സ്റ്റ്രാറ്റെജിക്ക് ലൊക്കേഷനില്‍ ഉള്ള എന്റെ മുറിയും, മുഴുവന്‍ തന്റെ അധീനതയില്‍ വരുന്നതിലുള്ള ഗൂഡസന്തോഷത്തിന്റെ ഒരു ചെറിയ ചിരി ഞാനെന്റെ അനിയന്റെ കണ്ണുകളില്‍ ദര്‍ശിച്ചു. ഇന്റെര്‍നെറ്റ് കണക്ഷന്‍ മറ്റാര്‍ക്കും അറിയാത്ത പാസ്സ് വേഡ് വെച്ചും, റൂമിന്റെ വാതില്‍ ഗോദ്റെജ് പൂട്ട് വെച്ചും ഞാന്‍ പൂട്ടിയ കാര്യം അറിഞ്ഞ് തെറി വിളിക്കുമ്പോള്‍ നിന്നേക്കാള്‍ അഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് അമ്മയുടെ ഗര്‍ഭപാത്രത്തില്‍ കിടന്ന സീനിയോറിട്ടിയുടെ കണ്‍സിഡറേഷനെങ്കിലും എനിക്ക് തരണമെന്ന് ഞാന്‍ അവന്റെ കണ്ണുകളിലേക്ക് നോക്കി മനസ്സില്‍ അപേക്ഷിച്ചു...

അപ്പ്ലിക്കേഷന്‍ വാങ്ങുക, ഗ്രൂപ്പ് ഡിസ്ക്കഷന്‍ ഇന്റര്‍വ്യു തുടങ്ങിയ കലാപരിപാടികളില്‍ പങ്കെടുക്കുക, ഫീസ് അടക്കുക, എന്നീ കര്‍തവ്യങ്ങള്‍ കൂട്ടുകാരുടെ ഒപ്പം വന്ന് കാഴ്ച്ച വെച്ച കുട്ടിസനാഥനാണെന്ന് തെളിയിക്കാനും, കാണിക്കാന്‍ പോവുന്ന തല്ലുകൊള്ളിത്തരങ്ങള്‍ക്ക് അച്ഛനെവിളിപ്പിക്കുമ്പോള്‍ വരേണ്ടുന്ന ശരിയായ ആള്‍ താനാണെന്ന്‍ അറിയിക്കുവാനുമായി പിതാശ്രീ എന്റെകൂടെ വരുന്നുണ്ടായിരുന്നു. ഡ്രസ്സ് നിറച്ച ബാഗ് രണ്ടെണ്ണവും എന്റെ കൈയ്യില്‍ എടുത്തപ്പോള്‍, വെറുതേ ഇരുന്ന സമയത്ത് ജിമ്മിലേക്ക് പോവാന്‍ പല പ്രാവശ്യം വിളിച്ചകെളവനെഞാന്‍ ഓര്‍ത്തു. കഴിഞ്ഞ പതിനേഴ് കൊല്ലങ്ങളായി സ്കൂളിലേക്കും, കോളെജിലേക്കും പോവാന്‍ തുറക്കുന്ന ഗേറ്റ് കടന്ന്പുറത്തേക്ക് നടക്കവേ ഓര്‍മകള്‍ അലയടിച്ചു... ആന്‍സര്‍ പേപ്പറുകളിലെ മാര്‍ക്കിന്റെ ഭാരവുംമനസ്സില്‍ പേറി പിടക്കുന്ന ഹ്രദയത്തോടെ എത്ര തവണ ഞാനീ പടികള്‍ കയറിയിരിക്കുന്നു.. രാവിലെതിരക്കിട്ട് ഇറങ്ങിയോടുമ്പോള്‍ ഭക്ഷണം കഴിക്കാതിരുന്നതിനുള്ള അമ്മയുടെ ചീത്ത കേള്‍ക്കാതിരുന്നദിവസങ്ങളുണ്ടോ... കോരിച്ചൊരിയുന്ന മഴ പെയ്യുന്നതും നോക്കി ഇരുന്ന സായന്തനങ്ങള്‍.... അനിയനുമായി തല്ലുകൂടിയതിന് രണ്ട് പേര്‍ക്കും അച്ഛന്റെ ചീത്ത കേട്ട സന്ദര്‍ഭങ്ങള്‍... മനസ്സില്‍ഓര്‍മ്മകള്‍ നിറയുന്നു... മിഴികളില്‍ നനവൂറുന്നുവോ...

എന്റെ പാദസ്പര്‍ശങ്ങളേറ്റ് പുളകിതരായിരുന്ന പാലക്കാടിലെ മണല്‍ത്തരികളേ... നിങ്ങള്‍ക്ക് സ്വസ്തി. എന്റെ ഗ്ലാമര്‍ കുറക്കാനായി ഇത്രയും കാലം അശ്രാന്തപരിശ്രമം നടത്തി പരാജയപ്പെട്ട പാലക്കാടന്‍ കാലവസ്ഥയേ... ബെറ്റര്‍ ലക്ക് നെക്സ്റ്റ് ടൈം. എന്റെ നല്ല മനസ്സിന്റെ എല്ലാ പ്രവ്രത്തികളും സഹിച്ച നാട്ടുകാരേ... എന്നെക്കുറിച്ചോര്‍ത്ത് രോമാഞ്ചം കൊള്ളൂ. മൂകമായ് എന്നെ പ്രണയിച്ച് വിരഹദുഃഖത്താലുഴറുന്ന പ്രിയതമകളേ... എനിക്കായ് കാത്തിരിക്കൂ. കണ്ണില്‍ പെടുമ്പോഴെല്ലാം എന്റെ എല്ലാ വിധത്തിലുമുള്ള ഇമ്മോറല്‍ സപ്പോര്‍ട്ടും ഞാന്‍ വാരിക്കോരി തന്നിരുന്ന തരുണീമണികളേ... എനിക്ക് വിട തരൂ. എന്റെ യാത്രക്കായ് നേര്‍ച്ച നേര്‍ന്നിരുന്ന അവരുടെയൊക്കെ തന്തമാരേ... വില്‍ ബി ബാക്ക്.

Tuesday, September 9, 2008

ഇടവേള

ജുണില്‍ എം.ബി.എ ക്ലാസ്സുകള്‍ തുടങ്ങിയ ശേഷം എനിക്ക് ബ്ലോഗില്‍ ഒന്നും പോസ്റ്റ് ചെയ്യാന്‍ പറ്റിയിട്ടില്ല... തിരക്ക് മാത്രമല്ല... ഇന്റര്നെറ്റ് പോയിട്ട് കമ്പ്യുട്ടര്‍ പോലും മര്യാദക്ക് ഉപയോഗിക്കാന്‍ പറ്റിയിട്ടില്ലാ... ലാപ് ടോപ് കിട്ടിയാല്‍ ഹോസ്റ്റ്ലില്‍ ഇരുന്നും ബ്ലോഗ് ചെയ്യാം എന്ന പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്‍ എന്റെ ലാപ് ടോപിനെ....

Sunday, June 29, 2008

തുടക്കം

ബി ടെക്ക് പഠിത്തം (അതൊഴികെ ബാക്കി എല്ലാം) കഴിഞ്ഞ് ഇനി ആരെങ്കിലും വിളിച്ച് ഒരു ജോലി തരും എന്നും പറഞ്ഞ് വീട്ടുകാരെ വിശ്വസിപ്പിച്ച് അങ്ങിനെ കഴിഞ്ഞ് കൂടുന്ന സമയം. കൂടെ ഉണ്ടായിരുന്ന ബാക്കി കച്ചറകളൊക്കെ കമ്പ്യൂട്ടറ് സയന്‍സ് ആയിരുന്നത് കൊ‌ണ്ടും, സോഫ്ട് വെയര്‍ കമ്പനികള്‍ ധാരാളമായി കാമ്പസ് പ്ലേസ്മെന്റ് നടത്തുന്നതു കൊണ്ടുമാണ് അവര്‍ക്കൊക്കെ ജോലി കിട്ടിയത് എന്ന് പറഞ്ഞ് വെറും മെക്കാനിക്കല്‍ ‘ഇഞ്ചിനീരായ’ ഞാന്‍ അച്ചന്റെ ചോദ്യങ്ങളില്‍ നിന്നും തടിതപ്പി. 18 വര്‍ഷത്തെ പഠനകാലം കഴിഞ്ഞ് ഇനി എന്ത് വേണം എന്നു ഞാന്‍ കൂലംങ്കഷമായി ആലോചിച്ചുകൊണ്ടിരിക്കുന്ന സമയം

എന്റെ ഭാവിയെക്കുറിച്ച് നാട്ടുകാര്‍ക്കൊക്കെ ഇത്രയേറെ ഉല്‍ക്കണ്ഠയുണ്ട് എന്ന വേദനിപ്പിക്കുന്ന സത്യം ആ സമയത്താണ്‍ എനിക്ക് മനസ്സിലായത്.. “ജോലിയൊന്നും ആയില്ലേ??“ എന്ന സ്നേഹം നിറഞ്ഞ ചോദ്യം കേക്കുമ്പോഴൊക്കെ, ജോലി ആയിട്ടുണ്ടെങ്കില്‍ മകളെ കൊണ്ട് എന്നെ കെട്ടിക്കാനുള്ള പരിപാടി വല്ലതും ആണോ എന്ന് ഞാ‍ന്‍ സംശയിച്ചു. എന്നെ നന്നായറിയുന്ന എന്റെ നാട്ടുകാരാരും സ്വന്തം മകളുടെ ജീവിതം വെച്ച് അത്തരമൊരു റിസ്ക് എടുക്കില്ല എന്ന് എനിക്ക് പൂര്‍ണ്ണ ബോധ്യം ഉള്ളതുകൊണ്ട് ആ മോഹങ്ങള്‍ക്ക് വെച്ച വെള്ളത്തിന് ഞാന്‍ അടുപ്പ് കത്തിച്ചില്ല. എന്തായാലും പ്രായമായിട്ടും കല്ല്യാണം കഴിയാത്ത പെണ്‍കുട്ടിയുടേയും, പഠിത്തം കഴിഞ്ഞിട്ടും ജോലി കിട്ടാത്ത ആണ്‍കുട്ടിയുടേയും അവസ്ഥ ഒന്നാണെന്ന ലോക സത്യം എനിക്ക് മനസ്സിലായി.

അങ്ങിനെ ബട്ടണ്‍ കളഞ്ഞ് കിട്ടിയ പിച്ചക്കാരനെ പോലെ ഇനി ഒരു ഷര്‍ട്ട് കൂടി കളഞ്ഞ് കിട്ടിയാല്‍ മതി എന്നും പറഞ്ഞ് ഇരിക്കുമ്പോഴാണ്‍ ഒരു പുതിയ വഴി തുറന്നുകിട്ടിയത്. ‘ജോബ് ഹണ്ട്.’ ജോലി തെണ്ടുക എന്നതിനു ഇത്രേം നല്ല വാക്ക് കണ്ടുപിടിച്ചവനു സ്തുതി. എന്തായാലും ‘ജോബ് ഹണ്ട്’‘ എന്ന പേരില്‍ ചെന്നൈ നഗരത്തിലെ തീയേറ്ററുകളിലും, സ്പെന്‍സര്‍ പ്ലാസയിലും, സിറ്റി സെന്ററിലും, ടി നഗറിലും, മറീന ബീച്ച്, ബസന്ത് നഗര്‍ ബീച്ച് എന്നു വേണ്ട, ചെന്നൈ നഗരം മൊത്തം ഒന്ന് കറങ്ങി. ദോഷം പറയരുതല്ലോ, എനിക്കും ജോലി കിട്ടി !!!

ജോലി കിട്ടിയിട്ടു വേണം ഒന്നു രാജി വെക്കാന്‍ എന്നു വിചാരിച്ചിരുന്ന എനിക്ക് ഇതില്‍പരം സന്തോഷം വെറെയുണ്ടോ? രണ്ടാഴ്ച്ച തികയ്ക്കുന്ന മുന്‍പേ ഞാന് ആ ജോലി രാജി വെച്ച് തിരിച്ച് വീട്ടിലേക്ക് വണ്ടി കയറി. കാരണം അപ്പോഴേക്കും എനിക്ക് എന്റെ പാത ഏതാണെന്ന ഒരുള്‍വിളി ഉണ്ടായി. ഉള്ളിലിരുന്ന് വിളിച്ചത് ഉറ്റ സുഹ്രുത്തുക്കളായ ഹരിയും, വികാസും ആണെന്നു മാത്രം. എം.ബി.ഏ എന്റ്രന്‍സ് പരീക്ഷ എഴുതാന്‍ വേണ്ടിയാണ്‍ ഞാന്‍ വീട്ടിലെത്തിയത്. പിന്നെ പരീക്ഷക്ക് മുന്‍പ് ഒരാഴ്ച്ച എന്റെ വീട്ടില് കമ്പൈന്‍ഡ് സ്റ്റ്ഡി എന്ന പേരില്‍ കുറേ ഒത്തുകൂടലുകളും, ‘പഠിച്ച‘ ക്ഷീണം തീര്‍ക്കാന്‍ എന്ന പേരില്‍ കുറെ ഹോട്ടല്‍ വിസിറ്റുകളും നടത്തി.

എന്തൊക്കെയായാലും എല്ലാവരേയും ഞെട്ടിച്ചുകൊണ്ട് (ഞങ്ങളെ പോലും) ഞങ്ങള് എന്റ്രന്‍സ് പരീക്ഷ ഉയര്‍ന്ന റാങ്കില്‍ പാസ്സായി!!!! ശ്രീ നാരായണ ഗുരുവിന്റെ പേരിലുള്ള കോളെജില്‍ ഇന്റര്‍വ്യുവിന്‍ പോകുമ്പോള്‍ മൂന്നു പേര്‍ക്കും ഒരുമിച്ച് കിട്ടിയാല്‍ മാത്രമെ ചേരുള്ളു എന്ന് ഞങ്ങള്‍ തീരുമാനിച്ചിരുന്നു. എന്തായാലും, ബാക്കിയുള്ളവര്‍ക്ക് പണി കൊടുക്കാന്‍ മൂന്ന് പേരും മിടുക്കന്മാരാണ്‍ എന്നു അവര്‍ക്ക് ബോധ്യമായിട്ടാവണം, മൂന്ന് പേര്‍ക്കും അതേ കോളെജില്‍ തന്നെ അഡ്മിഷന്‍ കിട്ടി. ഞങ്ങളുടെ സ്വപ്നങ്ങള്‍ക്ക് ചിറക് മുളച്ചുപഠിപ്പിക്കാന്‍ പോവുന്ന ടീച്ചര്‍മാരുടെ ഉറക്കം കെടുത്താന്‍ തയ്യാറായി ഒരു കൂട്ടം മാനേജ്മെന്റ് കുട്ടികള്‍ ജനിക്കുകയായിരുന്നു