Sunday, June 29, 2008

തുടക്കം

ബി ടെക്ക് പഠിത്തം (അതൊഴികെ ബാക്കി എല്ലാം) കഴിഞ്ഞ് ഇനി ആരെങ്കിലും വിളിച്ച് ഒരു ജോലി തരും എന്നും പറഞ്ഞ് വീട്ടുകാരെ വിശ്വസിപ്പിച്ച് അങ്ങിനെ കഴിഞ്ഞ് കൂടുന്ന സമയം. കൂടെ ഉണ്ടായിരുന്ന ബാക്കി കച്ചറകളൊക്കെ കമ്പ്യൂട്ടറ് സയന്‍സ് ആയിരുന്നത് കൊ‌ണ്ടും, സോഫ്ട് വെയര്‍ കമ്പനികള്‍ ധാരാളമായി കാമ്പസ് പ്ലേസ്മെന്റ് നടത്തുന്നതു കൊണ്ടുമാണ് അവര്‍ക്കൊക്കെ ജോലി കിട്ടിയത് എന്ന് പറഞ്ഞ് വെറും മെക്കാനിക്കല്‍ ‘ഇഞ്ചിനീരായ’ ഞാന്‍ അച്ചന്റെ ചോദ്യങ്ങളില്‍ നിന്നും തടിതപ്പി. 18 വര്‍ഷത്തെ പഠനകാലം കഴിഞ്ഞ് ഇനി എന്ത് വേണം എന്നു ഞാന്‍ കൂലംങ്കഷമായി ആലോചിച്ചുകൊണ്ടിരിക്കുന്ന സമയം

എന്റെ ഭാവിയെക്കുറിച്ച് നാട്ടുകാര്‍ക്കൊക്കെ ഇത്രയേറെ ഉല്‍ക്കണ്ഠയുണ്ട് എന്ന വേദനിപ്പിക്കുന്ന സത്യം ആ സമയത്താണ്‍ എനിക്ക് മനസ്സിലായത്.. “ജോലിയൊന്നും ആയില്ലേ??“ എന്ന സ്നേഹം നിറഞ്ഞ ചോദ്യം കേക്കുമ്പോഴൊക്കെ, ജോലി ആയിട്ടുണ്ടെങ്കില്‍ മകളെ കൊണ്ട് എന്നെ കെട്ടിക്കാനുള്ള പരിപാടി വല്ലതും ആണോ എന്ന് ഞാ‍ന്‍ സംശയിച്ചു. എന്നെ നന്നായറിയുന്ന എന്റെ നാട്ടുകാരാരും സ്വന്തം മകളുടെ ജീവിതം വെച്ച് അത്തരമൊരു റിസ്ക് എടുക്കില്ല എന്ന് എനിക്ക് പൂര്‍ണ്ണ ബോധ്യം ഉള്ളതുകൊണ്ട് ആ മോഹങ്ങള്‍ക്ക് വെച്ച വെള്ളത്തിന് ഞാന്‍ അടുപ്പ് കത്തിച്ചില്ല. എന്തായാലും പ്രായമായിട്ടും കല്ല്യാണം കഴിയാത്ത പെണ്‍കുട്ടിയുടേയും, പഠിത്തം കഴിഞ്ഞിട്ടും ജോലി കിട്ടാത്ത ആണ്‍കുട്ടിയുടേയും അവസ്ഥ ഒന്നാണെന്ന ലോക സത്യം എനിക്ക് മനസ്സിലായി.

അങ്ങിനെ ബട്ടണ്‍ കളഞ്ഞ് കിട്ടിയ പിച്ചക്കാരനെ പോലെ ഇനി ഒരു ഷര്‍ട്ട് കൂടി കളഞ്ഞ് കിട്ടിയാല്‍ മതി എന്നും പറഞ്ഞ് ഇരിക്കുമ്പോഴാണ്‍ ഒരു പുതിയ വഴി തുറന്നുകിട്ടിയത്. ‘ജോബ് ഹണ്ട്.’ ജോലി തെണ്ടുക എന്നതിനു ഇത്രേം നല്ല വാക്ക് കണ്ടുപിടിച്ചവനു സ്തുതി. എന്തായാലും ‘ജോബ് ഹണ്ട്’‘ എന്ന പേരില്‍ ചെന്നൈ നഗരത്തിലെ തീയേറ്ററുകളിലും, സ്പെന്‍സര്‍ പ്ലാസയിലും, സിറ്റി സെന്ററിലും, ടി നഗറിലും, മറീന ബീച്ച്, ബസന്ത് നഗര്‍ ബീച്ച് എന്നു വേണ്ട, ചെന്നൈ നഗരം മൊത്തം ഒന്ന് കറങ്ങി. ദോഷം പറയരുതല്ലോ, എനിക്കും ജോലി കിട്ടി !!!

ജോലി കിട്ടിയിട്ടു വേണം ഒന്നു രാജി വെക്കാന്‍ എന്നു വിചാരിച്ചിരുന്ന എനിക്ക് ഇതില്‍പരം സന്തോഷം വെറെയുണ്ടോ? രണ്ടാഴ്ച്ച തികയ്ക്കുന്ന മുന്‍പേ ഞാന് ആ ജോലി രാജി വെച്ച് തിരിച്ച് വീട്ടിലേക്ക് വണ്ടി കയറി. കാരണം അപ്പോഴേക്കും എനിക്ക് എന്റെ പാത ഏതാണെന്ന ഒരുള്‍വിളി ഉണ്ടായി. ഉള്ളിലിരുന്ന് വിളിച്ചത് ഉറ്റ സുഹ്രുത്തുക്കളായ ഹരിയും, വികാസും ആണെന്നു മാത്രം. എം.ബി.ഏ എന്റ്രന്‍സ് പരീക്ഷ എഴുതാന്‍ വേണ്ടിയാണ്‍ ഞാന്‍ വീട്ടിലെത്തിയത്. പിന്നെ പരീക്ഷക്ക് മുന്‍പ് ഒരാഴ്ച്ച എന്റെ വീട്ടില് കമ്പൈന്‍ഡ് സ്റ്റ്ഡി എന്ന പേരില്‍ കുറേ ഒത്തുകൂടലുകളും, ‘പഠിച്ച‘ ക്ഷീണം തീര്‍ക്കാന്‍ എന്ന പേരില്‍ കുറെ ഹോട്ടല്‍ വിസിറ്റുകളും നടത്തി.

എന്തൊക്കെയായാലും എല്ലാവരേയും ഞെട്ടിച്ചുകൊണ്ട് (ഞങ്ങളെ പോലും) ഞങ്ങള് എന്റ്രന്‍സ് പരീക്ഷ ഉയര്‍ന്ന റാങ്കില്‍ പാസ്സായി!!!! ശ്രീ നാരായണ ഗുരുവിന്റെ പേരിലുള്ള കോളെജില്‍ ഇന്റര്‍വ്യുവിന്‍ പോകുമ്പോള്‍ മൂന്നു പേര്‍ക്കും ഒരുമിച്ച് കിട്ടിയാല്‍ മാത്രമെ ചേരുള്ളു എന്ന് ഞങ്ങള്‍ തീരുമാനിച്ചിരുന്നു. എന്തായാലും, ബാക്കിയുള്ളവര്‍ക്ക് പണി കൊടുക്കാന്‍ മൂന്ന് പേരും മിടുക്കന്മാരാണ്‍ എന്നു അവര്‍ക്ക് ബോധ്യമായിട്ടാവണം, മൂന്ന് പേര്‍ക്കും അതേ കോളെജില്‍ തന്നെ അഡ്മിഷന്‍ കിട്ടി. ഞങ്ങളുടെ സ്വപ്നങ്ങള്‍ക്ക് ചിറക് മുളച്ചുപഠിപ്പിക്കാന്‍ പോവുന്ന ടീച്ചര്‍മാരുടെ ഉറക്കം കെടുത്താന്‍ തയ്യാറായി ഒരു കൂട്ടം മാനേജ്മെന്റ് കുട്ടികള്‍ ജനിക്കുകയായിരുന്നു